Friday, 23 February 2024

 


വട്ടെഴുത്ത് - 


നീ കനലാളുന്ന മൊഴിയായ് പൊഴിഞോരോൾ 


നീ തിരിയാളുന്ന മനസിൽ നിറം ചാർത്തിയോൾ


നീ കനവാകുന്ന കനവിൽ 

കനലിട്ടൊരോൾ 


നീ എരിവ്വാറാത്ത നെഞ്ചിൽ

കുളിരിട്ടോരോൾ



നീ അറിവാകുന്ന നോവിൽ

മനം മറന്നൊരോൾ


ഇനി ഞാൻ "ആൾ"


ഞാൻ നിണമാറാത്ത കരളിൽ 

നിന്നെ ചേർത്തോരാൾ


ഞാൻ കരിയാകുന്ന കരളിൽ നിന്നെ കാത്തോരാൾ


ഞാൻ നിയേകുന്ന മലരിൽ 

യുഗം കണ്ടൊരാൾ


ഞാൻ നീയാകുന്ന  ഇരവിൽ മനം മരിച്ചൊരാൾ...


ഞാൻ നീ കാണിച്ച കനവിൽ വിഷം

കലക്കിയാൾ


ഞാൻ നീ തന്ന വാക്കിൽ ഇടം കണ്ടെത്തിയാൾ


ഞാൻ അറിയാതെ നിന്നെ 

പുലം കൂട്ടിയാൾ


ഞാൻ മനസിൻ്റെ താളം

നിജം തെറ്റിയാൾ !


എഴുത്തിലെ ഓൾ പെണ്ണല്ല ! ആൽക്കഹ"ഓൾ".






Tuesday, 14 April 2020

കൊച്ചി തിരുവിതാംകൂർ


"പറവൂരിൽ 
കൊച്ചിയും തിരുവിതാം കൂറും ഉണ്ടായിരുന്നു. 
രണ്ട് രാജ്യങ്ങൾ 
അതിർത്തി പങ്കിട്ടിരുന്ന പറവൂരിന്റെ പല ഭാഗങ്ങളിലും രാജ്യാതിർത്തി നിശ്ചയിക്കുന്ന അതൃത്തി കല്ലുകൾ ഇപ്പോഴും കാണാം. 
കൊ എന്നും തി എന്നും ഇരുഭാഗത്തും എഴുതിയിട്ടുള്ള അതൃത്തി കല്ലുകളെ 
കൊതി കല്ലുകൾ എന്നാണ് പഴമക്കാർ വിളിച്ചിരുന്നത്. 
ചേന്ദമംഗലം പഞ്ചായത്ത് പൂർണ്ണമായും കൊച്ചിയുടെ ഭാഗമായിരുന്നു. 
കൊച്ചി രാജാവിന്റെ പ്രധാന മന്ത്രിമാരായ 
പാലിയത്തച്ചന്മാരുടെ നാടെന്ന നിലയിലാണ് 
ചേന്ദമംഗലം കൊച്ചിയുടെ കയ്യിൽ വന്നത്. 

എന്നാൽ പറവൂർ എന്ന രാജ്യം ഒരിക്കൽ പൂർണ്ണമായും കൊച്ചിയുടെ ഭാഗമായിരുന്നു. 
ഇത് പറയുമ്പോൾ ഇന്നത്തെ പറവൂർ താലൂക്ക് കൊച്ചിയും തിരുവിതാംകൂറും പങ്കിടുന്നതിനു മുൻപ് നാല് രാജ്യങ്ങളുടെ ഭാഗമായിരുന്നു. 
പറവൂർ രാജ്യം, ആലങ്ങാട് രാജ്യം, വില്ലാർ വട്ടം രാജ്യം,  ഇടപ്പള്ളി സ്വരൂപം എന്നിങ്ങനെ നാലായി തിരിച്ചിരുന്ന പറവൂർ താലൂക്കിലെ നാട്ടു രാജ്യങ്ങളിൽ കോട്ടയിൽ കോവിലകം കേന്ദ്രീകരിച്ചുള്ള വില്ലാർവട്ടം രാജ്യം 
ചേര രാജ്യ തകർച്ചയോടടുത്തു തന്നെ 
ഇല്ലാതായി. 
ഇവിടത്തെ രാജാവ് കൃസ്തു മതം സ്വീകരിച്ചെന്നും ബുദ്ധ മതം സ്വീകരിച്ചെന്നും രണ്ടഭിപ്രായമുണ്ട്. 
രണ്ടായാലും രാജ്യം വിട്ടുപോയ അവസാനത്തെ രാജാവ് തന്റെ ബന്ധുക്കളായ പാലിയത്തച്ചന്മാർക്കു 
തന്റെ രാജ്യം അട്ടിപ്പേറായി എഴുതി നൽകിയത്രെ.. 
ഇങ്ങനെയാണിത് പാലിയത്തിന്റെയും 
കൊച്ചിയുടെയും ഭാഗമാകുന്നത്. 

പിന്നീട് കൊച്ചിയെ സാമൂതിരി ആക്രമിക്കുകയും പറവൂർ കേന്ദ്രീകരിച്ചുകൊണ്ട് 
സാമൂതിരി കൊച്ചിക്കെതിരെ യുദ്ധം ചെയ്യുകയുമുണ്ടായി. 

ഈ അവസരത്തിൽ കൊച്ചിയുടെ സാമന്തന്മാരായ പറവൂർ ആലങ്ങാട് 
രാജ്യങ്ങൾ സാമൂതിരിയെ സഹായിക്കുകയുണ്ടായി. 
കൊച്ചി സാമൂതിരിക്കെതിരെ 
തിരുവിതാംകൂറിന്റെ സഹായം തേടുകയും 
സംയുക്ത നീക്കത്തിലൂടെ സാമൂതിരിയെ 
തുരത്തുകയും ചെയ്തു. 

കൊച്ചിയെ യുദ്ധത്തിൽ സഹായിച്ച 
തിരുവിതാംകൂറിന് കൊച്ചി രാജാവ് 
പാരിതോഷികമായി പറവൂരും ആലങ്ങാടും 
നൽകുകയുണ്ടായി. 
എന്നാൽ തങ്ങളുടെ പ്രധാനമന്ത്രിമാരുടെ ആസ്ഥാനവും പഴയ വില്ലാർ വട്ടം ഭാഗങ്ങളും 
കൊച്ചിയിൽ നില നിർത്തുകയും ചെയ്തു. 

ഇതുകൊണ്ടാണ് പറവൂരിൽ കൊ യും തി യും ഒരുപോലെ ഉദ്ഭവിച്ചത്. 
.......... 
 #cherai #sahodaranayyappan #home #historic #enteparavoor #myplace #northparavur #exploring #kerala #tourism #godsowncountry @ Sahodaran Smarakam

Sunday, 12 April 2020

പറവൂർ ചന്തക്കുളം!

പറവൂർ ചന്തയിൽ ഇങ്ങനെയൊരു കുളമുണ്ടായിരുന്നു. എറണാകുളത്തിന്റെ പടം കണ്ടിട്ട് കുളം കാണുന്നില്ലല്ലോ എന്നു് നിരാശപ്പെടുന്ന വരും കണ്ടേക്കാം.
അതുപോലെയാണ് ഈ കുളവും. 
പറവൂർ ചന്ത ആരംഭിച്ച കാലം മുതൽ പുഴയിൽ നിന്നും തെക്കോട്ട്‌, പുഴയോട് ചേർന്ന് മൂന്നു വശവും പടവുകൾ കെട്ടിയ ഒരു ഇടനാഴി ഉണ്ടായിരുന്നു.  
ഇന്ന് കാണുന്ന ചന്ത കപ്പേളയുടെ സ്ഥാനത്ത് 
പണ്ടൊരു കുരിശു മാത്രമാണ് ഉണ്ടായിരുന്നത്. 
കുരിശിനോട് ചേർന്ന് പുഴയിലേക്ക് പടിക്കെട്ടുകൾ ഉണ്ടായിരുന്നു. 
ഇവിടെയാണ് ചന്തയിൽ  വരുന്ന ജലയാനങ്ങൾ കയറ്റിറക്കു മതികൾക്കായി കയറ്റിയിട്ടിരുന്നത്. 
ഈ ഇടനാഴിയെ ചന്തയിൽ വന്നിരുന്ന പുഴയും, തോടും, കുളവും തിരിച്ചറിയാത്ത ഏഴകൾ പറഞ്ഞു പരത്തിയപേരായിരിക്കാം ചന്തക്കുളമെന്ന്.
ഏതായാലും മുനിസിപ്പാലിറ്റിയിലേയും മറ്റു രേഖപ്പെടുത്തലുകളിലും പറച്ചിലുമൊക്കെ ചന്തക്കുളം എന്നു തന്നെയാണ്.
ഈ കുളം പിന്നീട് നികത്തി കളഞ്ഞു. 
കിഴക്കൻ മേഖലയിൽ നിന്നും 
കപ്പയും മാങ്ങയും കായയും നാളികേരവുമെല്ലാമായി വരുന്ന  വള്ളങ്ങളിൽ നിന്നും വലിയ വാരി കുട്ടയിൽ 
സാധങ്ങൾ തലച്ചുമടായി 
ചന്തയിലേക്ക് കൊണ്ടുപോകും. 
വഞ്ചിയിൽ നിന്നും കുട്ടയിലേക്കു വാരിയിടുമ്പോൾ കപ്പയും മാങ്ങയുമെല്ലാം 
ധാരാളമായി വെള്ളത്തിലേക്ക് വീഴും. 
വള്ളങ്ങൾ പോയ ശേഷം കുളത്തിൽ മുങ്ങിയും തപ്പിയും വെള്ളത്തിൽ പോയ മാങ്ങയും കപ്പയും പെറുക്കിയെടുത്ത് 
വിൽപ്പന നടത്തിയിരുന്നവരും ഉണ്ടായിരുന്നത്രെ. 
...................................................
കെ പി ചിന്നപ്പൻ എടുത്ത ചിത്രമാണിത്. 
വിവരങ്ങൾക്ക് കാർട്ടൂണിസ്റ്റ് പറവൂർ ശിവൻ 
സി ഐ ടി യു ചുമട് തൊഴിലാളി യൂണിയനിലെ ജോബി എന്നിവരോട് കടപ്പാട്.

തത്തപ്പിള്ളി യുടെ ചരിത്രം

തത്തപ്പിള്ളി   ----

 തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ട് തത്തപ്പിള്ളി. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട, കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് 'ചുമടുതാങ്ങി'കള്‍ ('അത്താണി') ഇപ്പോഴും ഇവിടെ കാണാം, രാജവാഴ്ചക്കാലത്തിന്റെ സ്മരണികയെന്നപോലെ.
    
പഴയ 'ആലങ്ങാട് രാജ്യ'ത്തിന് 'മങ്ങാട്' എന്നും പേരുണ്ടായിരുന്നു. ആലങ്ങാട് രാജാവിനെ 'മങ്ങാട്ടച്ചന്‍' എന്നും വിളിച്ചിരുന്നു (കോഴിക്കോട് സാമൂതിരിയുടെ മന്ത്രിയും സേനാനായകനുമായിരുന്ന 'മങ്ങാട്ടച്ചന്‍' വേറെ). മങ്ങാട് രാജ്യത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തി 'തത്തപ്പിള്ളി' ആയിരുന്നു എന്നതിനും രേഖയുണ്ട്. വരാപ്പുഴയ്ക്ക് വടക്കും തത്തപ്പിള്ളിക്ക് കിഴക്കും കൊച്ചുകടവിന് തെക്കും മഞ്ഞപ്രയ്ക്ക് പടിഞ്ഞാറുമായിരുന്നു 'മങ്ങാട് ദേശം' എന്നാണ് രേഖ. 

തത്തപ്പിള്ളി ഇപ്പോള്‍ കോട്ടുവള്ളി പഞ്ചായത്തിലാണ്. പറവൂരിന് ഏകദേശം നാല് കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്നു. വടക്ക് മന്നവും തെക്ക് വള്ളുവള്ളിപ്പുഴയ്ക്ക് കുറുകെയുള്ള തത്തപ്പിള്ളിപ്പാലവും അതിനപ്പുറം കരിങ്ങാന്തുരുത്തും. കിഴക്ക് ആനച്ചാലും പടിഞ്ഞാറ് വാണിയക്കാടും. 'തത്തപ്പള്ളി' എന്നും എഴുതാറുണ്ട്.

കടുത്തുരുത്തിക്കടുത്ത് മറ്റൊരു 'തത്തപ്പള്ളി'യും ഉണ്ട്. തിരുവനന്തപുരത്ത് തത്തമലയും പേരാമ്പ്രയ്ക്കടുത്ത് തത്തക്കാടും ഉണ്ട്, പാലക്കാട് ചിറ്റൂരിനടുത്ത് തത്തമംഗലവും. 'ദത്ത'മംഗലം ആണത്രെ പിന്നീട് തത്തമംഗലം ആയത്. 'ദത്തൂന്‍' എന്നൊരു പരദേശി ബ്രാഹ്മണശ്രേഷ്ഠന്‍ സ്ഥാപിച്ച അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണത്രെ ആ സ്ഥലം 'ദത്തമംഗലം' എന്നറിയപ്പെട്ടത്. ഏതായാലും ആ ദത്തൂന്‍, പാലക്കാടിന് തെക്കോട്ട് വന്നതായി തെളിവുകളൊന്നുമില്ല. തത്തപ്പള്ളിയില്‍ ബ്രാഹ്മണരുമില്ല.

വള്ളുവരുടെ പള്ളി ഉണ്ടായിരുന്നതുകൊണ്ടാണ് വള്ളുവള്ളിക്ക് അങ്ങനെ പേരുണ്ടായതെങ്കില്‍, അവിടെനിന്ന് വളരെ അകലെയല്ലാത്ത തത്തപ്പിള്ളിയിലും അക്കാലത്ത് ബുദ്ധമതക്കാരുടെ ദേവലായം (പള്ളി) ഉണ്ടായിരുന്നിരിക്കണം. 'ദത്തം' എന്ന പദത്തിന് 'ദാനംചെയ്ത വസ്തു' എന്നര്‍ത്ഥമുണ്ട്. ഒരുപക്ഷേ, അന്ന് ആ പള്ളി പണിതത് ആരെങ്കിലും ദാനംചെയ്ത സ്ഥലത്താണെന്നും വരാം. അങ്ങനെയെങ്കില്‍ 'ദത്ത+പള്ളി' എന്നതില്‍ നിന്നാവാം 'തത്തപ്പിള്ളി' എന്ന സ്ഥലനാമത്തിന്റെ ഉത്ഭവം.

തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു പണ്ട് തത്തപ്പിള്ളി. രാജഭരണകാലത്ത് സ്ഥാപിക്കപ്പെട്ട, കരിങ്കല്ലില്‍ തീര്‍ത്ത രണ്ട് 'ചുമടുതാങ്ങി'കള്‍ ('അത്താണി') ഇപ്പോഴും ഇവിടെ കാണാം, രാജവാഴ്ചക്കാലത്തിന്റെ സ്മരണികയെന്നപോലെ.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഈ പ്രദേശത്ത് ക്ഷേത്രധ്വംസനവും മതപരിവര്‍ത്തനവും നടന്നിട്ടുള്ളതായി കരുതപ്പെടുന്നു. കേരളത്തിലെ അതിപുരാതനമായ 108 ദുര്‍ഗാലയങ്ങളില്‍ പെട്ടതാണ് ഇവിടത്തെ ഭഗവതീക്ഷേത്രം. 1500 വര്‍ഷം മുമ്പ് വേഴപ്പറമ്പ് നമ്പൂതിരിയാണത്രെ ഇവിടെ ബാലദുര്‍ഗാ പ്രതിഷ്ഠ നടത്തിയത്. അന്നത്തെ ദേവാലയം നാലമ്പലം, ചുറ്റമ്പലം, വിളക്കുമാടം, ഊട്ടുപുര, പാട്ടുപുര, കൂട്ടാല (ഭണ്ഡാരപ്പുര), നിലവറ മുതലായവയോട് കൂടിയതായിരുന്നുവത്രെ. പടയോട്ടക്കാലത്ത് എല്ലാം തകര്‍ക്കപ്പെട്ടെങ്കിലും അവശിഷ്ടങ്ങളില്‍ ചിലതൊക്കെ ഇപ്പോഴും ഉണ്ട്.

പിന്നീട് പുനരുദ്ധരിച്ചതാണ് ഇപ്പോഴത്തെ ക്ഷേത്രം. തമിഴ് ശൈലിയിലുള്ള ബലിക്കല്ലിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. സാധാരണ ചുറ്റമ്പലത്തിനകത്താണ് ബലിക്കല്ല്. ഇവിടെ അത് അമ്പലത്തിന് പുറത്ത് ഏതാണ്ട് പതിനഞ്ചടി മാറിയാണ് കിടക്കുന്നത്. പണ്ടിത് അകത്തായിരുന്നുവെന്നും അന്നിവിടെ വലിയ അമ്പലമുണ്ടായിരുന്നുവെന്നും ഇതില്‍നിന്ന് അനുമാനിക്കാം.

വ്യത്യസ്തതയുള്ള ക്ഷേത്രചാരങ്ങളാണിവിടെ. വാസനയുള്ള പൂക്കളും സുഗന്ധദ്രവ്യങ്ങളും പൂജയ്ക്ക് ഉപയോഗിക്കാറില്ല, ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമില്ല, ഇവിടെ വിവാഹം നടത്താറുമില്ല. ദേവിയെ, സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ് പുറത്തെ 'പള്ളിയറ'യിലേക്ക് കൊണ്ടുപോവുകയും രാവിലെ ശ്രീകോവിലിലേക്ക് തിരിച്ചെഴുന്നള്ളിക്കുകയും ചെയ്യുന്നു. പണ്ട് സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ്.

തത്തപ്പിള്ളിയിലെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത് പടയോട്ടക്കാലത്താണെന്ന് കരുതപ്പെടുന്നു. രണ്ടര നൂറ്റാണ്ട് മുമ്പ് അജ്മീറില്‍ നിന്ന്, കൊടുങ്ങല്ലൂര്‍ വഴി ഇവിടെയെത്തിയ 'ഷെയ്ഖ് സയ്യിദ് മുനവ്വര്‍ഷാ' എന്ന സിദ്ധന്‍ പള്ളി പുതുക്കിപ്പണിതു. ഈ സിദ്ധന്‍ നട്ടുപിടിപ്പിച്ചതെന്ന് കരുതപ്പെടുന്ന ഒരു വിശേഷപ്പെട്ട വൃക്ഷമുണ്ട് പള്ളിക്കു മുന്നില്‍... 'പേയ് മരം' എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ വയസ്സന്‍മരം ഒരിക്കലും ക്ഷയിക്കാതെ, കാലാകാലങ്ങളില്‍ പൂത്തും തളിര്‍ത്തും കായ്ച്ചും പടര്‍ന്നുപന്തലിച്ച് നിത്യഹരിതമായി നില്‍ക്കുന്നു. പൂക്കുമ്പോള്‍ ഒരു പ്രത്യേകതരം ഗന്ധമാണ്. ഇതിന്റെ ഇലയ്ക്കും കായ്ക്കുമൊക്കെ രോഗശമന സിദ്ധിയുണ്ടെന്നാണ് വിശ്വാസം. മരത്തിന്റെ പുറന്തൊലിയില്‍ ചെത്തിയാല്‍ ചോരപോലെയുള്ള ദ്രാവകം (ചറം) വരും.

ഈ പള്ളിയില്‍ എന്നും സന്ധ്യാസമയത്ത് 'നിലവിളക്ക്' കൊളുത്തുന്ന പതിവുണ്ട്. വെളിച്ചെണ്ണയും ചന്ദനത്തിരിയുമാണ് പ്രധാന നേര്‍ച്ച. നേര്‍ച്ച കൊടുക്കുന്നവരിലധികവും ഹൈന്ദവരാണെന്നതും പ്രസ്താവ്യമാണ്. പതിനേഴ് വര്‍ഷം മുമ്പുവരെ ഇവിടെ ആനകളെ എഴുന്നള്ളിച്ചുള്ള 'ചന്ദനക്കുടം' പെരുന്നാള്‍ നടന്നിരുന്നു. നാടിന്റെ ഉത്സവമായിരുന്നു അന്നത്. ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടത്താറുള്ള അന്നദാനത്തില്‍ ഇപ്പോഴും നാനാജാതി-മതസ്ഥരായ ആയിരങ്ങള്‍ പങ്കുകൊള്ളാറുണ്ട്.

ധാരാളം കുടുംബികളും കുറച്ച് പട്ടാണികളും ഉണ്ട് തത്തപ്പള്ളിയില്‍. ഒരുകാലത്ത് കള്ളുചെത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം, ചെത്തുതൊഴിലാളികളുടെയും. ഇപ്പോള്‍ ചെത്ത് നാമമാത്രമാണ്. ഇവിടെ വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടായത് അടുത്തകാലത്താണ്.

                     പി. പ്രകാശ്‌ ......

Saturday, 11 April 2020

ഇന്നും ആ നിലവിളി മുഴങ്ങുന്നു

എന്റെ വീടിനടുത്തുള്ള കുന്നിന്റെ മുകളിൽ നിന്ന് ആർത്തലച്ചുള്ള ആ സ്ത്രീയുടെ നിലവിളി ഇന്നും എന്റെ കാതിൽ മുഴങ്ങുന്നു......                        കുന്നിൻ മുകളിൽ ഒരു ഓല മേഞ്ഞ ചെറ്റ പുര അതിൽ കുട്ടപ്പനും ഭാര്യ പാർവതിയും മകൻ ബാബുവും ആണ് താമസം.........രാത്രിയിൽ പണി കഴിഞ്ഞു ഇത്തിരി കള്ളു മോന്തിയാണ് കുട്ടപ്പന്റെ വരവ്....ചിലപ്പോൾ പാടും അല്ലെങ്കിൽ പുലഭ്യം പറയും .ഒരു പൊതി മോന് കൊടുത്തു മടിയിൽ ഇരുത്തി ലാളിക്കും......പാർവതി ആണേൽ പൂർണ ഗർഭിണി........പലവട്ടം പാർവതി യെ ഞാൻ കണ്ടിട്ടുണ്ട്..കാലിൽ നീരു വച്ചു തടിച്ചിട്ടു....എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നനാറുണ്ട് അവരെ കാണുമ്പോൾ.....ഒരു രാത്രി കുന്നിൻ മുകളിൽ ആൾക്കൂട്ടം പാർവതിക്ക് പ്രസവവേദന...വയറ്റാട്ടി കല്യാണി അകത്തു കയറുകയും പുറത്തിറങ്ങുകയും ചെയ്യുന്നു .അവർ വിയർത്തു കുളചിട്ടുണ്ട്.....അതിന്ടെ  കോന്തു എന്ന കുറവൻ പണൽ മഞ്ഞൾ വെള്ളത്തിൽ മുക്കി മന്ത്രം ചൊല്ലി വേദനകൊണ്ട് പുളയുന്ന പാർവതി യെ അടിക്കുന്നുണ്ട്...എല്ലാവരും തൊഴുതു നിലവിളിച്ചു നിൽക്കുന്ന കാഴ്ച....അകത്തു ഞെളിപിരികൊണ്ടു പാർവതി........അപ്പോഴേക്കും എന്റെ അച്ഛൻ അവിടേക്ക് ചെന്നു നമുക്ക് ഡോക്ടറെ വിളിക്കാം എല്ലാവരും സമ്മതിച്ചു .അവെത്തുുള്ള ശ്രീധരൻ എന്ന ടാക്സി ഡ്രൈവറെ ചെന്നു കണ്ടു .ഇ രാത്രി നട്ടപ്പാതിര തന്നെ പോണമോയെന്നു ശ്രീധരൻ.വേണമെന്ന് അച്ഛൻ.പൊയ്യയിൽ ചെന്നു ആന്റണി ഡോക്ടറെ കൂട്ടിക്കൊണ്ടു വന്നു...അതിനിടയിൽ ഞാൻ ഇപ്പൊ ചാവും എന്ന ആർത്തലച്ച നിലവിളി എല്ല ദിക്കും ഭേദിക്കുമാറു മുഴങ്ങിയിരുന്നു....ഡോക്ടർ  കുന്നു കയറി അകത്തു കയറി  നോക്കി കയുടെ നാടി നോക്കി. ചേതനായറ്റു കിടക്കുന്നു...പാർവതി ....
 ഞാനും അമ്മുമ്മയും കുടി അവിടെ പോയി .നിറവയറുമായി മരിച്ചു കിടക്കുന്ന പാർവതി യെ കണ്ടു ഞാൻ പേടിച്ചു. വീട്ടിൽ വന്നപ്പോൾ അമ്മുമ്മ ഉപ്പു ഉഴിഞ്ഞു അടുപ്പിലിട്ടു. എന്റെ പേടി മാറിയില്ല . പിറ്റേന്ന് കുറത്തി വീട്ടിൽ വന്ന്‌ നാവൂറു പാടാൻ വന്നതായിരുന്നു. അമ്മുമ്മ എന്നെ വിളിച്ചു കുറത്തിയുടെ അടുത്തിരുത്തി. അവർ നുള് ജപിച്ചു എന്റെ  അരയിൽ കെട്ടാൻ ശ്രമിച്ചു. മന്ത്രം ചൊല്ലി ഊതുമ്പോൾ അവരുടെ വായ് നാറ്റം കാരണം ഞാൻ എണീറ്റു ഓടികളഞ്ഞു, അതോടെ എന്റെ പേടിയും പോയി.മരിച്ച അന്ന് രാത്രി തന്നെ പാർവതി യുടെ സംസ്കരം നടന്നു. വയർ കീറി കുട്ടിയെ എടുത്തു പുറത്തു കാണിച്ചു. നല്ലൊരു ആണ്കുട്ടി. എന്നിട്ടു വയറിനുള്ളിൽ കടുക് നിറച്ചു തുന്നിക്കെ്ട്ടി.പ്രേതമാവാതിരിക്കാൻ എന്ന അന്ധവിശ്വാസം....കുട്ടപ്പന്റെയും പാർവതി യുടെയും ബ്ലഡ് ഗ്രൂപ്പിൽ എന്തോ പിശകുള്ളത് കൊണ്ടാണ് പ്രസവത്തിനു ബുദ്ധിമുട്ട് ഉണ്ടായേതെന്നു ഡോക്ടർ പറഞ്ഞു.......ആ നിലവിളി ശബ്ദം ഇന്നും എന്റെ കാതി ൽ മുഴങ്ങുന്നു........


കരുണാകരൻ എം എം
പുത്തൻവേലിക്കര